Saturday, January 2, 2016

ഭയം


ഭയമാണണുവിനെ,
ആനയെ,
മരങ്ങളെക്കിലുക്കിച്ചിരിപ്പിക്കും
കാറ്റിനെ, കിളികളെ,
ആപാദചൂഢം നമ്മെത്തണുപ്പിച്ച-
ലിയിച്ച് ജീവനെപ്പോറ്റും ജലമാലയെ, 

ഉയിരിന്നുണർവേകിയുലകിൻ
പ്രകാശമായ് ജ്വലിക്കും
സത്യാർത്ഥമാമഗ്നിയെ,
അഴകായ് നമ്മൾ പോറ്റു-
മാൾക്കൂട്ടത്തിമർപ്പിനെ...

ഭയമാണടുത്തുള്ള
നോട്ടത്തെ, ചിരികളെ,
അടുത്ത നിമിഷത്തെ-
യാരിവർ ഹരിക്കുമോ..?

ഭയന്നു നാം നോക്കുമ്പോൾ
കാണുന്നൂ
ചരാചരം നിറയെ കോർമ്പല്ലുകൾ,
ഉതിരം തളിക്കുന്ന നാവുകൾ
നമ്മെക്കുറിച്ചൊഴുക്കുന്നനേകമാം
വിഷങ്ങൾ...

ഭയന്നാലല്ലോ നമ്മൾ
വണങ്ങുന്നതും, ശത്രു-
സംഹാര പൂജയ്ക്കുള്ള
കോപ്പുകൾ തേടുന്നതും...

ഭയക്കാതിതേമട്ടിൽ
ചിരിച്ചും ചിരിപ്പിച്ചും
കരഞ്ഞും കരച്ചിലിൽ
ഹൃദയം സമർപ്പിച്ചും

കാതിനാൽ കേട്ടും
കണ്ണാൽ കണ്ണിനെക്കണ്ടും
ദിഗന്തങ്ങളിൽ മേവും നവ
മായികവർണങ്ങളായ്,
പൂക്കളായ് വിരിയുക,
പുഞ്ചിരി പകരുക...