Thursday, July 21, 2011

വരം

ഇലകള്‍ വേണോ
പൂക്കള്‍ വേണോ
ഇലകളും പൂക്കളും വേണോ .....

ഇലകളും പൂക്കളും
വേണമെന്നുണ്ട്
വരപ്രസാധിയായ്
ചിരിച്ചു നില്പ്പതു
പരശ്ശതം ഇലക്കിരീടം ചൂടിയ
ഒരു മഹാ വൃക്ഷ മന്നവന്‍ ....

ചോദ്യങ്ങളുടെ കൊടും വെയിലില്‍
വാടിപ്പോയ് മോഹ ജാലങ്ങള്‍...
ഉള്ളു പൊള്ളുന്ന വേളയില്‍
എനിക്കാശ്രയം നിന്‍ തണല്ച്ചിരി .

വാടി നില്‍ക്കുന്ന പൂവിനെ ഇളം
കാറ്റ് തൊട്ടു പോകുന്ന പോല്‍
വൃക്ഷ ശാഖികള്‍ തന്‍ തളിര്‍
ച്ചില്ലയാട്ടിച്ചിരിക്കവേ

എന്തൊരു കുളിര്‍ ഉള്ളിന് ...
തണല്പ്പൂക്കളാല്‍ മംഗളം പെയ്തു
നില്‍ക്കയാണാ വൃക്ഷ മന്നവന്‍!
ഈ തണലിനെ ഞാനെന്‍റെ അമ്മയെന്ന് വിളിച്ചോട്ടെ ....

Saturday, June 11, 2011

നിദ്ര

കാണാത്ത പെണ്ണിന്റെ പേരുപോലെ
സുന്ദരമായ വാക്ക്.

പാദസരവും കുപ്പിവളകളും
അനിയാത്തവള്‍
മിണ്ടാത്തവള്‍

പുഞ്ചിരിയും പൂമണവും
ഇല്ലാത്തവള്‍
പൂക്കാത്തവള്‍

അടുത്തു വന്നത് അറിയുകയേയില്ല
ആരും കാണാതെ മോഷ്ടിച്ച് കലയും
നമ്മളെ.

പിന്നെ...
സ്വപ്നം എന്നൊരു പാലം
കടക്കുമ്പോഴാണ്
നിദ്രയുടെ വസ്ത്രാഞ്ചലംവിട്ടു
നാം നമ്മെ
വീണ്ടെടുക്കുക.

സ്വപ്‌നങ്ങള്‍...
നിദ്രയില്ലത്തവര്‍ക്ക്
ഇല്ലല്ലോ സ്വപ്‌നങ്ങള്‍.........!

Tuesday, April 12, 2011

കിണര്‍

താണ് താണ് തണുപ്പ്‌ ആയവള്‍ എന്റെ ദാഹം അറിഞ്ഞവള്‍ വറ്റി വറ്റി വരണ്ടപ്പോഴും എനിക്കായി കരഞ്ഞവള്‍

Thursday, March 24, 2011

മധുരം
മധുരം കിനിയുന്ന
വാക്ക്
സൂക്ഷിക്കുന്നവന്റെ
വായ്ക്കുള്ളില്‍ നിറയെ ഉറുമ്പ്
എന്നിട്ടും
വര്തമാനത്തിലാകെ
മധുരത്തിന്റെ
മഹാ പ്രളയം.

കരുണ
കരുണയുടെ കഥയുമായ്
കപിലവസ്തുവില്‍ ഒരാള്‍
കരയുന്നു, ചുറ്റിലും
ചിരിയോടു ചിരിയുമായ്
പൊതുജനം നിറയുന്നു.



Saturday, March 19, 2011

ധനലക്ഷ്മി

ധനലക്ഷ്മീ,
നീയും
പെണ്‍ കുലത്തിന്റെ
വിത്തോ..?

ആരാണ് നിന്നെ
നഗ്നയാക്കി നടത്തിയത്?
നിന്റെ കരിന്തോലിയില്‍
തീക്കൊള്ളി കുത്തിയത്?
കണ്നീര്‍ക്കവിളില്‍
ഫോര്‍ക്ക് കൊണ്ട്
കുത്തിവരഞ്ഞത്?

മോര്‍ച്ചറി ടേബിളില്‍
നീ ചരിഞ്ഞു കിടക്കുമ്പോഴും
ചുണ്ടിലെ പുച്ഛം
ഭേദം പട്ടിക്കൂട് തന്നെ എന്നോ ...

നിന്നെയോര്‍ത്തു കരയാന്‍
വനിതാ കോളേജിലെ മാലാഖമാരും
വനിതാ ദിന പ്രസംഗകരും
ആരാരും ഉണ്ടായില്ലല്ലേ....

ഇവിടെ ഇങ്ങനെയാണ്‌കുഞ്ഞേ..
പെണ്ണിന്റെ മാനത്തിനു പോലും
പല വിലയാണ് .
കറുത്ത പെണ്ണിന്റെ മാനത്തിനും
അവളുടെ കണ്ണീരിനും
ഒരു വിലയുമില്ലാത്ത നാടാണ് .
അതുകൊണ്ടാണ്
നിന്റെ സങ്കടം
കാണാതെ കേള്‍ക്കാതെ
എല്ലാരും
സൌമ്യക്ക്‌ പിന്നാലെ പോയത്
അവിടെനിന്നും പോരാത്തത്.

നിന്നെപ്പോലുള്ള കുഞ്ഞുങ്ങള്‍
ജീവിച്ച കാലത്തും കരഞ്ഞിട്ടില്ലല്ലോ.
നിന്നെയോര്‍ത്തു ഇവിടെ ഒരു ജന്തുവും
കരയാതിരിക്കട്ടെ.

Sunday, March 13, 2011

പരിശുദ്ധ വലെന്റിനു വെറുപ്പോടെ

ഒന്നുമെഴുതാത്ത
ഈ വെള്ളക്കടലാസ്
നിന്നോട് എന്നെക്കുറിച്ച്
എല്ലാം പറയും .

നീയാകട്ടെ,
എന്റെ സ്നേഹം
പിടികിട്ടാതെ
പിന്നെയും എന്നെ
ഒരന്യനും
അപരിചിതനുമായി കാണും .

പ്രിയപ്പെട്ടവളെ ,
നിന്നെക്കുറിച്ച് ഓര്‍ക്കരുതെന്നു
ഓര്‍ക്കുംബോളൊക്കെ
ഞാന്‍ നിന്നെത്തന്നെ
ഓര്‍ത്തുപോകുന്നു.

ഒരു കുഞ്ഞു മേഖത്തുണ്ട്
ആകാശം നിറഞ്ഞു
ഒഴുകിയകലുന്നത് പോലെ
ഞാനിതാ,
നിന്നോടുള്ള പ്രണയത്തില്‍
നനഞ്ഞു കുതിര്‍ന്ന്
ഇവിടെയാകെ നിറഞ്ഞു തുളുമ്പുന്നു.

.................

ഇതാ,എന്റെ സ്നേഹത്തെ പേടിച്ച്
വാടിപ്പോയ പൂവ്.
ഇവള്‍ ചിരിച്ചത്
എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന്,
വാടാത്ത സ്നേഹം കൊണ്ട്
ഇവള്‍ക്കെന്റെ ഹൃദയത്തെ
തണുപ്പിക്കാനാവുമെന്നു
ഞാനങ്ങു മോഹിച്ചു.

പൂമുഖത്തെ നിറം മാഞ്ഞുമാഞ്ഞു
ഇവള്‍ ഒരു അമാവാസിയായി .

പാവം...
കരഞ്ഞു കരഞ്ഞു
ഒരുപൂവും ഇനി വാടരുത്.

കരിക്കട്ടയുടെ
പൊള്ളുന്ന ഹൃദയത്തിലേക്ക്
ഒരു മൃദുല പുഷ്പത്തെയും
ക്ഷ ണി ക്ക രു ത് .

Tuesday, March 8, 2011

മൗനം ചിലങ്ക കെട്ടുമ്പോള്‍

അതറിയില്ലേ...
ചിലപ്പോള്‍ നമുക്ക് ചുറ്റും
ചിലങ്ക കെട്ടി തുള്ളുന്നത്
മൌനമല്ലാതെ മറ്റാരുമല്ല.

നോക്കൂ
ഞാന്‍ നിന്നെക്കുറിച്ചു
ഓര്‍ത്തത്തെല്ലാം
പൂവിതളുകള്‍ പോലെ
കൊഴിഞ്ഞു കിടപ്പുണ്ട്
ചുറ്റും .

എനിക്കുനീ
ഇപ്പോഴും
ചിത്രചിലങ്കയിട്ട സ്വപ്നം

പകല്‍ മാഞ്ഞു പോയപ്പോള്‍
കൂടില്ലാതെ കൂട്ടില്ലാതെ
ഒറ്റക്ക് കരഞ്ഞിരുന്നവള്‍

പിറ്റേന്നും പുലരി വന്നപ്പോള്‍
കരഞ്ഞിരിക്കേണ്ട കാര്യമില്ലെന്ന്
പഠിപ്പിച്ചവള്‍

പറയൂ
നീ മൌനമായ് മാഞ്ഞുപോയത്
ഇപ്പോള്‍ എനിക്ക്
കൂട്ട് വരാനായിരുന്നോ...

പുഞ്ചിരികളെല്ലാം പൂക്കലാനെന്നു
വിരിഞ്ഞവളെ...നിനക്ക് ഞാനൊരു
ചിരി പോലും നീട്ടിയില്ലല്ലോ...

ചിലങ്ക കെട്ടിയ മൌനത്താല്‍
നീ എന്നെ ഇന്ന് കരയിക്കുന്നു.

Sunday, February 20, 2011

കോരിത്തരിപ്പിക്കാത്ത ഭൂതകാലം

അയ്യയ്യേ....
നിക്കറു കീറിയ ചെക്കാ...
മൂക്കട്ടച്ചാംബി ചെക്കാ..
കരുമ്പാ എലുംപാ...
കളിക്കാന്കൂട്ടൂല്ലാ....

അന്നേ ഒറ്റക്കായി.
അവന്‍റെ കണ്ണിലേക്കു
കല്ലെറിഞ്ഞിട്ടു
എവിടെയോ പോയൊളിച്ചു.
പാതിരയായിട്ടും
പള്ളിക്കൂടം വിട്ടു വന്നില്ലല്ലോ
പുന്നാരമകനെന്നു
പഠിക്കാത്ത അക്ഷരത്തില്‍
അച്ഛന്‍റെ നെലോളി .

അതുകേട്ടു
വലിയവായില്‍ കരഞ്ഞ്
കശുമാവിന്‍റെ തുഞ്ചത്തൂന്നു
ചാടി അവനെ കല്ലെറിഞ്ഞ കാര്യം
അച്ഛനോട് കരഞ്ഞു.

അടുത്ത് കിടന്ന
കാട്ട് റബറിന്റെ കമ്പ്
ഒടിയും വരെ തല്ലി.
അമ്മേടെ മോനെ ...
ഇനി നീ ആരുടേം
മെക്കിട്ടു കേരരുതെന്നു
പറഞ്ഞൊരു തള്ളും.

അതില്‍പിന്നെ
ആരുടെ തെറിയും
നിന്ന് കേള്‍ക്കും.
നിയന്ത്രണം പോയാല്‍
ഓടി പോകും.

പിറ്റേന്ന് സ്കൂളില്‍ ചെന്നപ്പോള്‍
കല്ല്‌ കൊണ്ട് കണ്ണ് പോയവനറെ തന്ത
നാക്ക് കടിച്ചു കാട്ടി.

അപ്പോള്‍ കണക്കു മാഷ്‌
കണ്ണിറുക്കി കാട്ടി.

കണക്കുബുക്കില്‍ മാത്രം
എനിക്ക് നൂറു മാര്‍ക്ക്.

Thursday, February 3, 2011

ഗുഹ

ചിത്രപ്പണികളുള്ള പൂമുഖ വാതിലില്ല
വാതില്‍ കടന്നകം ചെന്നാല്‍ പൂര്‍ണചന്ദ്രന്‍ രമിക്കുന്ന
പുഞ്ചിരിക്കും മുഖമുള്ള പുഷ്പങ്ങളില്ല.

വാടിയ പൂക്കളെ പോലെ ഭൂമി ചേര്‍ന്ന് കിടക്കുന്ന
പൂമരങ്ങള്‍ ഇവരിനി പൂക്കുകയില്ല...

കാട്ടിലേതോ വസന്തത്തിന്‍ കോകിലരാഗം
വഹിച്ചു പാഞ്ഞുവന്ന കാറ്റിനുള്ളില്‍
തീ പടര്‍ന്നേരി.

ഇന്നലെ പൂമരങ്ങളില്‍ പുഞ്ചിരിയായി വിടര്‍ന്നവര്‍
ഇന്നുറവ വറ്റി മാഞ്ഞ കാട്ടരുവിയോ..
ചുറ്റുമുണ്ട് കിടക്കുന്നു വരണ്ട തേന്‍ കുടുക്കകള്‍,
കെട്ടുപോയോരടുപ്പുകള്‍ ,അന്പിലേക്ക് ചാഞ്ഞു ചെല്ലും
തളര്‍ന്ന കൈകള്‍ ..........
കാട്ടിലേതോ വസന്തത്തിന്‍
കോകിലരാഗം വഹിച്ചു പാഞ്ഞുവന്ന
കാറ്റിനുള്ളില്‍ തീ പടര്‍ന്നേരി.

ഇന്ന് കാട്ടില്‍ ഇലയൊന്നും
അനങ്ങുകില്ല,
പൂക്കളൊന്നും മിഴി നീട്ടി
പുഞ്ചിരിക്കില്ല

കാട്ടിലാകെ വിലാപത്തിന്‍
മാറ്റൊലിയായി മുഴങ്ങുമീ
ഘോര മൌനം മഴയായി പൊഴിഞ്ഞുവെങ്കില്‍.......

കാറ്റ് മൂന്ന് വലം വച്ച് പിന്നെയും തിരിച്ചുവന്നു
പൂവിരിയും നേരമാവാന്‍ കാത്തു നില്‍ക്കുന്നു....



Wednesday, January 26, 2011

തുറന്നിടുന്ന ജാലകങ്ങള്‍

അടഞ്ഞ മുറിയിലായിരുന്നു
ഈ നിമിഷം വരെ

നവംനവങ്ങളായ പുലരികള്‍
പുഷ്പഗന്ധം വിതറുന്ന പൂഞ്ചിരികള്‍
കുശലം പറയുന്ന കിളിയൊച്ചകള്‍
വന്നുതൊട്ടശ്വസിപ്പിക്കുന്ന കാറ്റുകള്‍...

എല്ലാം മറച്ചുകലഞ്ഞല്ലോ
ഈ മുറിക്കുള്ളിലെ ദുഷിച്ച ഇരുട്ട്

ഇരുട്ടേ, കൊന്നുകളയും
നിന്നെ ഞാന്‍ .
തളിര്ചില്ലകള്‍
കുഞ്ഞിളം കൈകള്‍ .
എനിക്കോമാനിക്കാന്‍
സ്വപ്നത്തില്‍ വന്ന
പൊന്‍ ഉണ്ണികള്‍

വെളിച്ചത്തിലേയ്ക്കു
ഞാന്‍ തുറക്കുന്ന ജാലകം
എനിക്ക് പുത്രകാമേഷ്ടി യാഗം .